
മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു.മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് അഞ്ച് മണിക്ക് ചാത്തനൂരിലെ വീട്ടുവളപ്പിൽ.
ശാസ്താംകോട്ട ഡിബി കോളേജിൽ കെ എസ് യു പ്രവർത്തകനായാണ് ശൂരനാട് രാജശേഖരൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് കെഎസ്യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളിൽ ഒരാളാണ്. രാജ്യസഭയിലേക്കും പാർലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.











